04:30pm 09 November 2026
NEWS
ഇന്ത്യയിൽ ആദ്യമായി എ.കെ-203 റൈഫിളുകൾ സ്വന്തമാക്കുന്ന പൊലീസ് സേനയാകാൻ കേരള പോലീസ്
17/04/2025  02:06 PM IST
nila
ഇന്ത്യയിൽ ആദ്യമായി എ.കെ-203 റൈഫിളുകൾ സ്വന്തമാക്കുന്ന പൊലീസ് സേനയാകാൻ കേരള പോലീസ്

കേരള പൊലീസ് 250 എ.കെ-203 തോക്കുകൾ വാങ്ങാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. പൊലീസ് സേനയെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. രാജ്യത്ത് ആദ്യമായാണ് ഒരു പൊലീസ് സേന എ.കെ-203 തോക്കുകൾ സ്വന്തമാക്കുന്നത്. മാർച്ച് 31-നാണ് തോക്കുകൾ വാങ്ങാനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഏത് സാഹചര്യത്തിലും കാര്യക്ഷമതയോടെ ഉപയോഗിക്കാൻ സാധിക്കുന്ന ആയുധം എന്നതാണ് എ.കെ-203 തോക്കുകളുടെ പ്രത്യേകത. 

 ഏതാണ്ട് 2.5 കോടി രൂപയുടെ ഇടപാടാണ് നടക്കുക. കേരള പോലീസിന്റെ കൈവശമുള്ള ഇൻസാസ് അടക്കമുള്ള പഴക്കം ചെന്ന തോക്കുകൾ മാറ്റി കൂടുതൽ കൃത്യതയുള്ള ആയുധങ്ങൾ വാങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നിലവിൽ കേരള പോലീസിന്റെ പക്കൽ എ.കെ-47, ഇൻസാസ്, ജർമൻ കമ്പനിയായ ഹെക്കർ ആൻഡ് കോഷിന്റെ എംപി5 എന്നീ തോക്കുകളാണ് ഉള്ളത്. ഇതിനൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ക്ലോസ് കോംബാറ്റ് പിസ്റ്റളുകളും പോലീസിന്റെ പക്കലുണ്ട്.

ഇന്ത്യയിൽ ഈ തോക്കുകൾ നിർമിക്കുന്ന ഒരേയൊരു കമ്പനിയേയുള്ളു. അത് ഐ.ആർ.ആർ.പി.എൽ ആണ്. ടെൻഡറിൽ പങ്കെടുക്കുമെന്ന് ഐ.ആർ.ആർ.പി.എൽ വ്യക്തമാക്കിയിട്ടുമുണ്ട്. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി അമേത്തിയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ്.

നിലവിൽ ഇന്ത്യൻ സൈന്യം മാത്രമാണ് എ.കെ-203 തോക്കുകൾ ഉപയോഗിക്കുന്നത്. നിലവിൽ സൈന്യത്തിന്റെ കൈവശം ഒരുലക്ഷത്തോളം എ.കെ-203 തോക്കുകളാണ് ഉള്ളത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img